ഔ ന്റെ കുദരേ അൻക്ക് പിരാന്താണ്!!
ഇക്കഴിഞ്ഞ ജൂണിലെ ഒരു നട്ടുച്ച. ഫോൺ റിങ് ചെയ്യുന്നുണ്ട്. ഞാൻ നോക്കി. മുസ്ഥഫയാണ്. ഒരുപാട് കാലത്തിനു ശേഷം വിളിക്കാണ്. ഞാൻ അങ്ങോട്ടും വിളിക്കാറില്ല. ഫോൺ അറ്റൻഡ് ചെയ്തപാടെ അപ്പറത്തീന്ന്: "ജ്ജോവ്ടെ ചെങ്ങായെ". ഒറ്റയടിക്കൊന്നും മിണ്ടാൻ പറ്റിയില്ല. പിന്നെ ഇത്തിരികഴിഞ്ഞു ഞാൻ പറഞ്ഞു: "ഇവ്ടെണ്ടൊടോ,...പിന്നെ എനിക്കന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു മുസ്‌തോ" ഓൻ: "പറി :p". ഞാൻ: "ഞാൻ ഈയിടെയായിട്ട് എന്റെ ഇൻസ്റ്റയിൽ കൂട്ടത്തോടെ ആൾക്കാരെ ബ്ലോക്കെയ്യ്യാണ്, അന്നിം ബ്ലോക്കെയ്തക്ക്ണ്". കേട്ടപാടെ ഓൻ : "ഔ ന്റെ കുദരേ അൻക്ക് പിരാന്താണ്!!". അൽപ്പം വേദനിച്ചിട്ടായിരിക്കണം ഓനപ്പൊ ആ പറഞ്ഞത്. കാരണൊണ്ട്. പിജി പഠിക്കണ കാലത്ത് നാട്ടിപ്പോവുമ്പോ ഓനേ ഇണ്ടാവാറൊള്ളൂ അധികവും. ബാക്കിയുള്ളവരെയെല്ലാം അവരവരുടെ ജോലിത്തെരക്കായിട്ട് കാണാൻ സാധിക്കുന്നത് ചുരുക്കം. അന്നൊക്കെ വെള്ളിയാഴ്ച്ചയാവുമ്പോ ഓൻ പാലക്കാട്ടീന്നും ഞാൻ കൊച്ചീന്നും വണ്ടികേറും, നാട്ടിക്ക്. പിന്നെ ശനിം ഞായറും കോയിക്കോട് ബീച്ചും ബല്യങ്ങാടി പള്ളിയിം പരിസരൊക്കെയായിട്ട് കറങ്ങലും കഥപറയലും. എന്നിട്ട് രാത്രി കാറ്റും കൊണ്ട് വീട്ടിക്ക്. ഇന്നിപ്പോ ഓൻ ഒരു ടെക്കിയായി വർക്ക് ചെയ്യുന്നു.
എന്നാലും ഞാനിപ്പൊ പറഞ്ഞതിന്റെ ചൂടൊന്നും പുറത്ത്കാണിക്കാതെ ഓനപ്പൊത്തന്നെ വിഷയം മാറ്റി. എന്നിട്ട് പറഞ്ഞു: "അന്നെ ഇപ്പൊ നാട്ടിലെത്തിക്കാനുള്ള പണി ഞാൻ കാണിച്ച് തരട്ടെ? ഇജ്ജി ഇങ്ങട്ടൊന്ന് നോക്കിക്കേ..." എന്നിട്ട് ഓന്റെ ഓഫീസിന്റെ ജനാലിലൂടെ ഫോൺ ക്യാമെറ പുറത്തേയ്ക്ക് നീട്ടി. ഉഫ്ഫ്, ചമ്മാട്ടെ പച്ചവിരിഞ്ഞ കുഞ്ചപ്പാടോം തകർത്ത് പെയ്യുന്ന മയേം!! വേറെന്ത് വേണം, രാജസ്ഥാനിലെ അപ്പത്തെ ചൂടിൽ ചുട്ടു പൊള്ളുന്ന എനിക്ക് ഓനും ആ മയേം ഒരു വല്ലാത്ത ഊഷ്മളതയായിരുന്നു... അപ്പോഴേക്കും രണ്ട്പേർക്കും ഉച്ചയൂണിന്റെ തിരക്കായിവന്നതിനാൽ പിന്നീട് വീണ്ടും വിളിക്കാമെന്ന ധാരണയിൽ ഞങ്ങൾ ഫോൺ വെച്ചു.
പിന്നീടിത് വരെ നാട്ടിൽ പോവാനുള്ള സാഹചര്യം റെഡിയായില്ലെങ്കിലും ഈ കൊറോണയെല്ലാമൊന്ന് കെട്ടടങ്ങിയാൽ ആദ്യം പോക്ക് അങ്ങോട്ട് തന്നായിരിക്കും...പ്രാർത്ഥിക്കാം...പ്രതീക്ഷിക്കാം...
ശുഭം🌸
Comments
Post a Comment