ഒരു നാസിക് യാത്രയിൽ...
2018 ജൂൺ മാസം, മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു യൂണിവേഴ്സിറ്റിയിൽ അഭിമുഖം അറ്റൻഡ് ചെയ്യാൻ വേണ്ടി പോകുന്ന ഞാൻ. പൂനെയിൽ നിന്നും ഒരു പാസഞ്ചർ തീവണ്ടി പിടിച്ച് വേണം ഇനിയുള്ള യാത്ര.അങ്ങനെ, ഒരു പാസഞ്ചർ ട്രെയിനിന് ടിക്കറ്റെടുത്ത് കാത്തുനിൽക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ ആളനക്കം തീരെ കുറവുള്ള ഒരു വണ്ടി പ്ലാറ്റുഫോമിൽ വന്നു നിന്നു. ഇത് തന്നെയാണ് എനിക്ക് പോകേണ്ട വണ്ടി. അധികം തിക്കാതെയും തിരക്കാതെയും കേറികുത്തിയിരുന്നു. വണ്ടി പതിയെ നീങ്ങിത്തുടങ്ങി. എനിക്ക് സഹയാത്ത്രികനായി ഒരു നല്ല ട്രാൻസ്‍ജിൻഡർ സുഹൃത്തിനെ കിട്ടി. ആദ്യം കണ്ടപാടെ തന്നെ മച്ചാൻ നല്ല വെഷമത്തിലാണെന്ന് മനസ്സിലായി. ഞങ്ങൾ പരിചയപ്പെട്ടു. പുള്ളിയുടെ പേര് ആഷിൻ, 24 വയസ്സ് - അപ്പൊ ഞങ്ങൾ സമപ്രായക്കാരാണ്. മറാത്തി ആണ് ആൾ, ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. സങ്കടപ്പെട്ടിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചപ്പോ കാമുകൻ ചതിച്ചു മുങ്ങി എന്നൊക്കെ പറഞ്ഞു. രണ്ട് വർഷക്കാലത്തെ പ്രണയമായിരുന്നു, വിവാഹം വാഗ്ദാനം നൽകി വഞ്ചിച്ചതാണ് പാവത്തിനെ. മച്ചാനും നാസിക്കിലേക്ക് തന്നാണ്, ഏഴ് മണിക്കൂറോളം വരുന്ന യാത്രയുണ്ട്. ഞങ്ങൾ, ഇരുവരുടെയും ജീവിതകഥകളും ചില കൊച്ചുവാർത്തമാനങ്ങളും പറഞ്ഞു നേരം കൊല്ലാൻ തുടങ്ങി.
അങ്ങനിയിരിക്കെ, യാത്രക്കിടക്ക് വെച്ച് ഏതോ മഹ-ഗ്രാമീണ സ്റ്റേഷനിൽ നിന്നും ഒരു പറ്റം ട്രാന്സ്ജെന്ഡേഴ്സ് വണ്ടിയിൽ കയറിക്കൂടി. ഒരു പ്രത്യേക രീതിയിൽ കയ്യടിച്ച് യാത്രക്കാരിൽ നിന്നും നിർബന്ധപൂർവ്വം പണം വാങ്ങുന്ന ആളുകളാണ് ഇവർ. ഇന്ത്യയൊട്ടാകെയുള്ള ഈ "റെയിൽവേ സ്പെഷ്യൽ" ട്രാൻസ്ജെൻഡേഴ്സ് ഈ കയ്യടിയുടെ കാര്യത്തിൽ അനന്യമാണെന്ന് തോന്നിപ്പോകും ചിലപ്പൊഴൊക്കെ. എന്റെ തീവണ്ടി യാത്രകളിൽ ഏറ്റവും കൂടുതൽ വെറുപ്പുളവാക്കിയിട്ടുള്ളതും ഭയപ്പെടുത്തിയിട്ടുള്ളതുമായ അനുഭവങ്ങൾ ഇത്തരം ട്രാൻസ്‍ജിൻഡർ സുഹൃത്തുക്കളിൽ നിന്നും നേരിട്ടിട്ടുള്ളവയാണ്. നിർബന്ധിച്ച് കാശു വാങ്ങുന്ന ഇവർ പലപ്പോഴായി ഇല്ലാത്ത കാശ് തട്ടിയെടുത്ത് പോയിട്ടുണ്ട്. അങ്ങനെ വണ്ടിയിൽ വന്ന് കേറിയവരും അവരുടെ പണി തുടങ്ങി, യാത്രക്കാരോരുത്തരോടായി പണം ചോദിക്കാൻ തുടങ്ങി. കാശുള്ളവർ പെട്ടെന്ന് എടുത്ത് കൊടുക്കുന്നു, മറ്റു ചിലർ പേടിച്ച് മടിച്ചാണെങ്കിലും ചില്ലറ എടുത്ത് കൊടുക്കുന്നു. അതേസമയം ആഷിനോട് അവർ പണം ചോദിക്കുന്നില്ലെന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചു. അങ്ങനെ, എന്നോടും കാശ് തരാൻ വേണ്ടി ആവശ്യപ്പെടുന്നു. കൃത്യം കണക്കുള്ള കാശായതിനാൽ ഞാൻ എന്റെ കയ്യിൽ നിങ്ങൾക്ക് തരാൻ കാശില്ലാന്ന് പറയുന്നു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഞാൻ അൽപ്പം ഉറച്ച സ്വരത്തിൽ പണം തരില്ലാന്നു പറഞ്ഞു. അവർക്കത് പിടിച്ചില്ലെന്ന് മാത്രമല്ല അവർ ദേഹോപദ്രവം ചെയ്യുമെന്നുള്ള തന്ത്രത്തിലേക്കായി. ഇത് കണ്ട ആഷിൻ കൂട്ടത്തിലെ മൂത്തവാചകമടിക്കാരന്റെ ചെള്ളക്കിട്ടടിച്ചിട്ട് പറഞ്ഞു : "ചോടോ, ജാ...ജാ യഹാൻ സേ". അവർ മുഖം തിരിച്ച് തെല്ല് ദേഷ്യത്തോടെയും ചമ്മലോടെയും അവിടന്ന് സ്ഥലം കാലിയാക്കി. ഒരു നെടുവീർപ്പോടെ ഞാൻ ഇച്ചിരി പണച്ചിലവ് കുറയ്ക്കാനായി എന്ന മട്ടിൽ ആഷിനോട് നന്ദി പറഞ്ഞു. അവൻ അല്പം പുഞ്ചിരി കലർത്തിയ മുഖത്തോടെ എന്നെ ഒന്ന് നോക്കി. ഞാനും തിരിച്ച് ഒരു ചെറുചിരിയിട്ടു കൊടുത്തു. ഞങ്ങൾ വീണ്ടും പഴയ ചൂട് ചർച്ചകളിലേക്ക് തിരിച്ചുപോയി. അത് അങ്ങനെ തുടർന്നു, അങ്ങ് സവർക്കറുടെ നാടായ നാസിക്കിൽ എത്തുംവരെ. പിന്നെ യാത്ര പറഞ്ഞ് രണ്ട് പേരും അവരുടെ പാട്ടിനു പോയി. ഒരു ചെറുയാത്രക്കിടയിലെ ഇൻസ്റ്റന്റ് സൗഹൃദം മാത്രം ബാക്കി വെച്ച് ആ നല്ല സുഹൃത്ത് എന്നോട് യാത്രപറഞ്ഞ് നടന്നകന്നു.
.
Comments
Post a Comment