ആംസ്റ്റർഡാം: ദി സിൻസിറ്റി ഓഫ് യൂറോപ്പ്
2005 ഫെബ്രുവരി മാസം, ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ ആംസ്റ്റർഡാമിൽ വെച്ചു ഒരു ഇന്റർവ്യൂ നൽകുകയായിരുന്നു. അഭിമുഖം പുരോഗമിക്കുന്നതിനിടെ അദ്ദേഹം തൊള്ളായിരത്തിഎഴുപതുകളിലെ തന്റെ ഒരു പഴയകാല ആംസ്റ്റാർഡാം യാത്രയെ ഓർത്തെടുക്കുകയുണ്ടായി. ഇത്രയും കാലവ്യത്യാസത്തിൽ ആ നഗരത്തിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. "യൂറോപ്പിൽ ഒരു സാധാരണ ടൂറിസ്റ്റ് ഗൈഡിന് അന്ന് ദിനേന കിട്ടിയിരുന്നത് 5 ഡോളർ ആയിരുന്നുവെങ്കിൽ ഇന്നത് 30ൽ എത്തി നിൽക്കുന്നു, മുമ്പ് ഒരു സ്മാരക സ്തൂപമൊക്കെ നിലനിന്നിരുന്ന ഡാം സ്‌ക്വയർ ഇന്ന് ആകെ കാലിയായിക്കിടക്കുന്നു, അങ്ങനെ ഒരുപാട് പരിവർത്തനങ്ങൾ വന്നുപോയിരിക്കുന്നു ഈ മഹാനഗരത്തിനും ഇവിടുത്തെ ആളുകൾക്കും" അദ്ദേഹം പറഞ്ഞു.
അങ്ങനെ ആ ഓർമകളുടെ കൂട്ടത്തിൽ തന്റെ ഹ്രസ്വകാല പെൺസുഹൃത്തായിരുന്ന കർളയുമായുള്ള ആംസ്റ്റർഡാം സ്മരണകളും ഓരോന്നായി അയാളുടെ കണ്മുന്നിൽ ഓടിയെത്താൻ തുടങ്ങി. അവർ ഒരുമിച്ച് നടന്ന തെരുവുകളിലൂടെയും ചത്വരങ്ങളിലൂടെയും വീണ്ടും നടക്കാനും ഒരുമിച്ച് പോയിരുന്ന് സൗജന്യമായി ഭക്ഷണം കഴിച്ചിരുന്ന റെസ്‌റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ഒരുതരം ആത്മനിഷ്‌ഠമായ ടെംപ്റ്റേഷൻ. അന്ന് 1970ലെ ഒരു നേപ്പാൾ യാത്രക്കിടെ ഹോളണ്ടിൽ വെച്ച്തന്നെയാണ് അവർ തമ്മിൽ പരിചയപ്പെടുന്നതും സുഹൃത്തുക്കളാവുന്നതും. എന്നാൽ, ആ യാത്രയിൽത്തന്നെ അവർ തമ്മിൽ പിരിയേണ്ടിവന്നു. ശേഷം ആംസ്റ്റർഡാമിൽ നിന്നും കാഠ്മണ്ഡുവിലേക്ക് കർള തനിച്ചായിരുന്നു യാത്ര തുടർന്നത്. എങ്കിലും കർളയുടെ പൂർവ്വകാല ചരിത്രമനുസരിച്ച് അവൾ അധികകാലം അവിടെ എവിടേയും തങ്ങാൻ സാധ്യതയില്ലായെന്നാണ് പൗലോയുടെ കണക്ക്‌കൂട്ടൽ. അന്നത്തെ ആ ആംസ്റ്റർഡാം യാത്രക്ക് ശേഷം പിന്നീട് അയാൾ അവളെ കണ്ടിട്ടില്ല, അവളിൽ നിന്ന് ഒന്നറിയാനും കേൾക്കാനും സാധിച്ചിട്ടുമില്ല.
എന്നാലും വീണ്ടും അതേ നഗരത്തിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന് തന്റെ മനസ്സിലെവിടെയോ അവളെ വീണ്ടും കാണാൻ സാധിക്കുമെന്നുള്ള സന്ദിഗ്ദമായ ഒരു പ്രതീക്ഷയുണ്ട്.
അങ്ങനെ അദ്ദേഹം അഭിമുഖം കഴിഞ്ഞയുടനെ, തന്നെ കാണുവാൻ വന്ന ആളുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുവാനിരുന്നു. ആ പ്രസംഗത്തിനിടക്ക് സ്വന്തം മനസ്സിന്റെ സഹനശക്‌തി നഷ്ടപ്പെട്ട് ആ ആൾക്കൂട്ടത്തോടായി ചോദിച്ചു: "കർള, നീ ഇവിടെ എവിടെങ്കിലും ഉണ്ടോ?" ആരും കൈയുയർത്തുകയോ മിണ്ടുകയോ ചെയ്തില്ല. നിരാശനായി അയാൾ പതിയെ ഒരു ചെറിയ ഉച്ചാസ്വത്തോടെ കുറച്ച് നേരത്തേക്കു മൗനം പൂണ്ടു...🌸
.
.
.
ഒരുപക്ഷെ, അവൾ ആ നഗരത്തിൽ തന്നെ ഉണ്ടായിരുന്നിരിക്കാം, അദ്ദേഹത്തിന്റെ നഗര സന്ദർശനത്തെ കുറിച്ച് അറിയാതിരുന്നതാവാം... അതല്ലെങ്കിൽ, അവൾ അവിടെ ആ ജനസഞ്ചയത്തിൽ തന്നെ ഉണ്ടായിരുന്നിരിക്കാം, തന്റെ ആപറഞ്ഞ ഭൂതകാലം പൊടിതട്ടിയെടുക്കാൻ താൽപര്യമില്ലാതിരുന്നതാവാം...
അതായിരുന്നിരിക്കാം നല്ലത്...❤️
.
.
ശുഭം🌸
PC: Pinterest
Comments
Post a Comment