ദി ബിസിനസ് അഠാരഹ്
2018, അലിഗഢിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് മടങ്ങുകയാണ്. നോയിഡയിൽ നിന്നും മെട്രോ വഴി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തണം, അവിടെ നിന്ന് തീവണ്ടിമാർഗ്ഗം തൃശൂരിനും. ഇതാണ് യാത്രാ കാര്യക്രമം. അലിഗഢ് ബസ് സ്റ്റാൻഡിൽ നിന്നും ഉത്തർ പ്രദേശ് പരിവഹ്നിലാണ് നോയിഡക്കുള്ള യാത്ര. കയറിയിരുന്നു ഏതാനും സമയത്തിനുള്ളിൽ ബസ് പുറപ്പെട്ടു. ഉറക്കക്ഷീണം കാരണം യാത്രക്കിടെ എവിടെയോ വെച്ച് അറിയാതെ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ നോയിഡയിൽ എനിക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ എഴുന്നേറ്റ് ബാഗെടുത്ത് ഡോറിനടുത്തേക്ക് ചെന്നു, കണ്ടക്ടറോട് അടുത്ത സ്റ്റോപ്പിൽ തന്നെ വണ്ടി നിറുത്തിത്തരാൻ വേണ്ടി പറഞ്ഞു. അധികം വൈകാതെത്തന്നെ സ്റ്റോപ്പെത്തി. ബസിറങ്ങി. റോഡിലാകെ വണ്ടിമയം, ഒപ്പം റോട്ടിനിരുവശത്തുമായി മോഡേൺ രൂപഭാവത്തോടെയുള്ള കെട്ടിടങ്ങളും, നോയിഡയങ്ങനെ തലയുയർത്തി നിൽക്കുന്നു. ഞാനൽപ്പം ഇരിക്കാമെന്ന് വെച്ച് ബസ്‌ബേയിലെ ഇരിപ്പിടത്തിലേക്ക് നടന്നു. അന്നൊരു പ്രവർത്തിദിവസമായിരുന്നതിനാലും നട്ടുച്ചയായിരുന്നതിനാലും ബേയിലൊന്നും ആളനക്കമില്ല. ബാഗിൽ കരുതിവെച്ചിരുന്ന വെള്ളക്കുപ്പിയെടുത്ത് അല്പം ദാഹമകറ്റി, ഇച്ചിരി യാത്രാക്ഷീണമുണ്ടാർന്നു.
അങ്ങനിരിക്കുമ്പോഴാണ് ഒരു പതിനഞ്ച്-പതിനാറു തോന്നിക്കുന്ന ഒരു പെൺകുട്ടി എൻ്റെ അടുത്തേയ്ക്കായി നടന്നു വരുന്നത്. ഞാൻ വെള്ളം കുടിച്ചുകഴിഞ്ഞു അവിടെ നിന്നും മെട്രോ സ്റ്റേഷനിലേക്ക് പോകാനായി ബാഗെടുത്ത് തോളിലിട്ടു, എന്നിട്ട് ഗൂഗിൾ മാപ്പും നോക്കി നടത്തം തുടങ്ങി. അവൾ വീണ്ടും അടുത്തോട്ട് തന്നെ വരികയാണ്. ഞാനൊരൽപ്പം സംശയത്തോടെ ഒന്ന് ഹാങ്ങായി നിന്നു, എന്നിട്ട് പുറകോട്ടേയ്ക്കായി ഒന്ന് നോക്കി. അപ്പോഴേക്കും അവൾ തൊട്ടടുത്തെത്തിയിരുന്നു. നോക്കിയപാടെ അവൾ: "അഠാരഹ്...അഠാരഹ്..." ഒരു പതിഞ്ഞ സ്വരത്തിൽ എന്നോടായി മാത്രം പറയുന്നു. വീണ്ടും വീണ്ടും അവൾ അതേ വാക്ക് ആവർത്തിച്ചു പറയുവാണ്. ആ വാക്കിൻറെ അർത്ഥം എനിക്കറിയാം, 18... ഒന്ന് കണക്ട് ചെയ്യാൻ നോക്കിയപ്പോൾ എനിക്ക് ചെറിയ ചില സംശയങ്ങൾ തോന്നി തുടങ്ങി. പക്ഷെ അത്തരം ഒരു സന്ദർഭത്തിൽ പറയേണ്ടെതെന്തെന്ന് അറിയാതെ വന്നപ്പോൾ ഒന്നിനും മറുപടി കൊടുക്കാതെ ഞാനെന്റെ നടത്തം തുടർന്നു. അവൾ പിന്നാലെത്തന്നെയുണ്ട്. അങ്ങനെ നടന്നൽപ്പം കഴിഞ്ഞപ്പോൾ ഒരു ജംഗ്ഷനിലെത്തി. ആളുകളുണ്ട്. ഇത്തിരി ആശ്വാസം വീണു. ശേഷം എൻ്റെ പുറകിലോട്ട് ഒരു നോട്ടം കൊടുത്തു, അവൾ അല്പം പിൻവലിയുന്നതായി കണ്ടു, ശേഷം അവളൊരു ഇലക്ട്രിക്ക് റിക്ഷയിൽ കേറിപ്പോയി...
പിന്നീട് ഇതേ സംഭവം ഡൽഹിയിൽ ഒരു എൻ.ജി.ഒ യിൽ വർക് ചെയ്യുന്ന എൻ്റെ ഒരു ഫ്രണ്ടിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു. ഡൽഹിയിലും എൻസിആർ പരിസരങ്ങളിലുമായി ലൈംഗിക തൊഴിലാളികളായ ഒരുപാട് പ്രായം തെകയാത്ത പെൺകുട്ടികളെ കാണുന്നതായി കേട്ടിട്ടുണ്ട്, ഒരുപക്ഷെ അവളും അത്തരത്തിലകപ്പെട്ട ഒരു ഇരയായിരുന്നിരിക്കാമെന്നായിരുന്നു അവൻ്റെ മറുപടി. പ്രായക്കുറവുള്ള പെൺകുട്ടികൾക്കു കൂടുതൽ ഡിമാൻഡ് ഉണ്ടെന്നും നിയമവശാൽ മുതിർന്നിരിക്കണമെന്നും അവർ ധരിച്ചിരുന്നത് കൊണ്ടാവാം "പതിനെട്ടെന്ന" ആ നമ്പറിൽ തന്നെ അവർ പിടിച്ചത്. ആ റിക്ഷാക്കാരൻ ചിലപ്പോ ഇത്തരത്തിൽ കുട്ടികളെ ആൾത്തിരക്കൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുന്ന ഒരു ഏജൻറ് ആവാമെന്നുമുള്ള അനുമാനവുമുണ്ടവന്...
Comments
Post a Comment